കൊച്ചി: കൊച്ചി മോഡലിനെ കാറിൽ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികൾ വിവേക്, നിതിൻ, സുധി, ഇരയുടെ സുഹൃത്ത് ഡിംപിൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളിൽ പരിശോധിക്കും.
നടന്നത് ക്രൂരമായ പീഡനമാണെന്നും തെളിവെടുപ്പ് പൂർത്തീകരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മോഡലിന് ആദ്യ രണ്ട് പ്രതികൾ ബാറിൽ വച്ച് മദ്യം നൽകി. പിന്നീട് അബോധാവസ്ഥയിലായ യുവതിയെ ബാറിൻ്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടും യാത്രക്കിടയിലും പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തത് ഡിംപിളാണെന്നും ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.