തിരുവനന്തപുരം: തരൂർ വിഷയത്തിൽ പരസ്യപ്രതികരണം വിലക്കി കെപിസിസി. കോൺഗ്രസിന്റെ ഐക്യം തകർക്കുന്ന പരസ്യപ്രതികരണം പാടില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ്റെ നിർദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ആഭ്യന്തര ജനാധിപത്യം പൂർണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യപ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണം. മറ്റുവിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.