കാസർഗോഡ്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് അഡ്വ. സി കെ ശ്രീധരൻ. കാസർഗോഡ് ചിറ്റാരിക്കലിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് മാനനഷ്ടക്കേസ് നൽകാനൊരുങ്ങുന്നത്. ടി.പി ചന്ദ്രശേഖരൻ കേസിൽ പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി.കെ ശ്രീധരൻ്റെ സി.പി.എം ബന്ധം മൂലമെന്നായിരുന്നു സുധാകരൻ്റെ ആരോപണം. സി.കെ ശ്രീധരനായിരുന്നു ടി.പി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. സുധാകരൻ്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവുമെന്ന് ശ്രീധരൻ പറഞ്ഞു.
ടി.പി വധക്കേസിലെ 14-ാം പ്രതിയായ പി. മോഹനൻ മാസ്റ്ററെ കോടതിയാണ് വെറുതെവിട്ടത്. കോടതി ഉത്തരവിനെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന താൻ ഹൈക്കോടതിയിൽ അപ്പീൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ വസ്തുത സുധാകരൻ ഓർക്കുന്നത് നല്ലതാണെന്നും സി.കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി. കെ.സുധാകരൻ്റെ പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും ശ്രീധരൻ പറയുന്നു. ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.
മഴ പെയ്തപ്പോൾ ഒരു തുള്ളി വെള്ളം പോയി എന്നാണ് ശ്രീധരൻ്റെ സിപിഎം പ്രവേശനത്തെക്കുറിച്ചുള്ള സുധാകരൻ്റെ പ്രതികരണം. ശ്രീധരൻ ഡിസിസി പ്രസിഡന്റായിരുന്നിട്ട് പോലും 10 പേർ കൂടെ പോകാത്തതെന്താണെന്നും സുധാകരൻ ചോദിച്ചു.