സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൻ്റെ മുന്നോടിയായുള്ള ശശി തരൂരിൻ്റെ മലബാർ പര്യടനം റദ്ദാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ രംഗത്തെത്തി. മലബാറിൻ്റെ മണ്ണിൽ കോൺഗ്രസിൻ്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നവെന്നും എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു. ഈ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചു. ശശി തരൂരിനെ പോലൊരാൾക്ക് ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യമില്ലെന്നും ശബരീനാഥ് പറഞ്ഞു.
ഫേസ്ബുക് പോസ്റ്റ്
‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിൻ്റെ മണ്ണിൽ കോൺഗ്രസിൻ്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.
മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്…അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.
പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.