തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൻ്റെ പ്രധാന വികസന പദ്ധതിയായി രണ്ടാം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തിൻ്റെ 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈൻ എന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിവിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിരുന്നു. സിൽവർ ലൈൻ വിഷയത്തിൽ മുന്നണി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈൻ ഉപേക്ഷിക്കുകയാണെന്ന വ്യാജ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മുന്നണിയിലെ പ്രധാനപ്പെട്ട ഘടക കക്ഷി നേതാക്കൾ പ്രതികരിച്ചത്.