കോഴിക്കോട്: മലബാർ പര്യടന വിലക്കുകളിൽ പരോക്ഷ മറുപടിയുമായി ശശി തരൂർ. തനിക്ക് സെന്റർ ഫോർവേഡായി കളിക്കാനാണ് താൽപര്യം. ചിലർ സൈഡ് ബെഞ്ചിലിരിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞു. ചുവപ്പ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ല. എല്ലാം ഒരു സ്‌പോർട്‌സ്മാൻ സ്പിരിറ്റിലെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും തരൂർ പറഞ്ഞു.
അതേസമയം തരൂരിനെ അനൂകുലിച്ചും നേതൃത്വത്തെ വിമർശിച്ചും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. കോൺഗ്രസ് പാർലിമന്ററി പാർട്ടി സെക്രട്ടറിയും എം.പിയുമായ എം കെ രാഘവൻ, കെ മുരളീധരൻ എം.പി, മുൻ എംഎൽഎ കെ എസ് ശബരിനാഥൻ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻ എസ് നുസൂർ തുടങ്ങിയവർ തരൂരിനെ പിന്തുണച്ചു.
ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലം മാറ്റിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ.