കോഴിക്കോട്: ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണെന്നും തരൂരിൻ്റെ പ്രവർത്തനം കോൺഗ്രസിനു ശക്തി പകരുമെന്നും കെ.മുരളീധരൻ എം പി. തരൂർ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന സെമിനാർ മുതിർന്ന നേതാക്കളുടെ സമ്മർദത്തിനു പിന്നാലെ മാറ്റിയെന്ന ആരോപണത്തിനു പിന്നാലെ കോഴിക്കോട് ഡിസിസിയിൽ വാർത്താസമ്മേളനം വിളിച്ചാണ് തരൂരിന് കെ. മുരളീധരൻ പിന്തുണ പ്രഖ്യാപിച്ചത്. പലരും പാരവയ്ക്കാൻ നോക്കും അത് കാര്യമാക്കേണ്ടെന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു.
നേരത്തെ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലം മാറ്റിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ. എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന താര പ്രചാരണത്തിൽ ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിൻ്റെ നീക്കങ്ങളെ ചെറുക്കാനാണ് സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് നേതാക്കൾ ലക്ഷ്യമിടുന്നത്.