മംഗലപുരം: നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ബിജെപി അനുകൂല നിലപാടിലും മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിലും പ്രതിഷേധിച്ചാണ് രാജി.
മംഗലപുരം പഞ്ചായത്തിലെ രണ്ട് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് രാജിവച്ചത്. മുരുക്കുംപുഴ വാർഡ് അംഗമായ ശ്രീചന്ദ്, മംഗലപുരം വാർഡ് അംഗമായ അജയരാജ് എന്നിവരാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചത്. രാജിവച്ച ഇരുവരും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് മംഗലപുരം ബ്ലോക്ക് നേതാക്കളുമാണ്.
നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ‘ആർഎസ്എസ്ൻ്റെ ഏജൻ്റെ’ എന്ന മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുധാകരൻ്റെ കോലം കത്തിച്ചത്. നൂറിൽ അധികം പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.