ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അപകടത്തിൽപ്പെട്ട തീർത്ഥാടകർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയായിരുന്നു ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. 44 പേരാണ് ബസിൽ ഉണ്ടായിരുന്നത്. വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പതിനെട്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം.