തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ശുപാർശയിൽ കോൺഗ്രസ് നേതാവിന് സർക്കാർ അഭിഭാഷകനായി ജോലി ലഭിച്ചതിൻ്റെ തെളിവ് പുറത്ത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തിരുവഞ്ചൂർ നൽകിയ ശുപാർശയിലാണ് തൊടുപുഴ സ്വദേശി ടോം തോമസ് ഹൈക്കോടതിയിൽ ഗവ. പ്ലീഡറായത്. 2011 ആഗസ്ത് 20നും സെപ്തംബർ പത്തിനുമാണ് ശുപാർശക്കത്തുകൾ നൽകിയത്.
സർക്കാർ അഭിഭാഷകരെ നിയമിക്കാൻ കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവർ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ശുപാർശക്കത്തുകൾ നൽകിയത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹൈക്കോടതികൾ ജില്ലാ കോടതികൾ മറ്റ് സബ്കോടതികളിലടക്കം ഗവൺമെന്റ് പ്ലീഡർമാർ അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കോൺഗ്രസ് നേതാക്കളുടെ കത്തുകളാണ് പുറത്തുവന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രിയായിരുന്ന എ പി അനിൽകുമാർ. കൊടികുന്നിൽ സുരേഷ്, കെപി ധനപാലൻ, പീതാമ്പര കുറുപ്പ്, പിടി തോമസ് , പിസി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ വർക്കല കഹാർ , എടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ്, നേതാക്കൾ ആയ എം എം ഹസൻ , എ എ ഷൂക്കൂർ, കെസി അബു, സിഎംപി നേതാവ് സിപി ജോൺ, ലീഗ് നേതാവും എംഎൽഎ യുമായിരുന്ന കെഎൻഎ ഖാദർ, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് . ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.