കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർതാരം ഇവാൻ കലിയുഷ്നിയുടെ കാൽപാദത്തിൽ ചുംബിച്ച് കമന്റേറ്റർ ഷൈജു ദാമോദരൻ്റെ പ്രകടനം വിവാദമായി. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിൻ്റെ കാലിൽ ചുംബിച്ചത്. കലിയുഷ്നിയോട് കാൽ തൻ്റെ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തൻ്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു പറഞ്ഞത്.
സംഭവം വിവാദമായതോടെ ഷൈജുവിനെതിരേ നിരവധിപേർ രംഗത്തെത്തി. ഷൈജുവിൻ്റെ താരാരാധന പരിധിവിട്ടതാണെന്ന് പരും അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ ആരാധകർ ഇത്ര തരം താഴില്ലെന്നും ചിലർ പറഞ്ഞു.
എന്നാൽ സംഭവത്തിൽ പ്രതികരണവുമായി ഷൈജു രംഗത്തെത്തി. വിവേകബുദ്ധിയില്ലാത്ത, സഹൃദയരല്ലാത്ത, സരസഹൃദയരല്ലാത്ത പ്രണയാർദ്രമായ ഹൃദയമില്ലാത്ത ഒരു സഹജീവിയോട് ഒരു മനുഷ്യൻ സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ കഴിയാത്ത മലയാളിയോട് പ്രതികരിക്കാൻ എനിക്ക് ഒന്നും പറയാനില്ല. മലയാളികളുടെ മൊത്തം അവകാശം ഈ വിമർശകർക്ക് സർക്കാർ പതിച്ചു നൽകിയിട്ടുണ്ടോ. എനിക്കും നിങ്ങൾക്കും എല്ലാം ഒരേ അവകാശമാണ്. വിമർശിക്കുന്നവർ കേരളത്തെ തീറെഴുതിയെടുക്കേണ്ട. ഞാനും മലയാളിയാണ്. ഈ വിമർശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാൻ ഉമ്മവെച്ചത്. എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവർക്ക് എന്തിനാണ്. ഇതിനെക്കാൾ പ്രധാനപ്പെട്ട എന്തെല്ലാം വിഷയങ്ങളുണ്ട് കേരളത്തിൽ ചർച്ച ചെയ്യാൻ. പ്രബുദ്ധരെന്ന അവകാശപ്പെടുന്ന മലയാളിയുടെ മനസിലെ പൊള്ളത്തരമാണിത് കാണിക്കുന്നതെന്നും ഷൈജു പറഞ്ഞു.