ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പ്രശംസിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പേശീ വേദനയേ തുടർന്ന് ബുദ്ധിമുട്ടുന്ന അയ്യപ്പ ഭക്തനെ സഹായിക്കുന്ന മന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് അൻവറിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
പി വി അൻവർ എംഎൽഎയുടെ പോസ്റ്റിൻ്റെ പൂർണരൂപം
ദേവസ്വം മിനിസ്റ്റർ സഖാവ് കെ.രാധാകൃഷ്ണൻ♥️ സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ,വഴിവക്കിൽ പേശീവേദനയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പനെ കണ്ടതോടെ യാത്ര നിർത്തി മിനിസ്റ്റർ വിവരങ്ങൾ അന്വേഷിച്ചു.അദ്ദേഹത്തെ ശുശ്രൂഷിച്ചു.തന്നിൽ നിക്ഷിപ്‌തമായ കർത്തവ്യം,അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റുന്ന ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരൻ.. സഖാവ് കെ.രാധാകൃഷ്ണൻ.. സ്നേഹം സഖാവേ..♥️
മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നത് കഴിഞ്ഞ ദിവസമാണ്. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമായത്. മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇക്കുറി ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് ഈ വഴിയിലൂടെ തീർത്ഥാടകരെ കടത്തി വിടുക. പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് തീർത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം പിൻവലിക്കുമെന്ന് മന്ത്രി വിശദമാക്കിയിരുന്നു. ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുള്ള ആഭ്യന്തര വകുപ്പിൻ്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിർദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിർദ്ദേശത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്ത് വന്നിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് അതിൽ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.