കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വിവാദ പ്രസ്താവനയില്‍ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മതേതരവാദിയായത് കൊണ്ടാണ് ഹിന്ദുരാഷ്ട്രവാദികള്‍ ഇപ്പോഴും നെഹ്‌റുവിനെ വേട്ടയാടുന്നതെന്ന വസ്തുത തലപ്പത്തുള്ള നേതാവ് മറന്നുകൂടാ. 1947-ലെ ഇടക്കാല ദേശീയ സര്‍ക്കാരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയായി ഉള്‍പ്പെടുത്തിയതിനെയാണ് നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സന്ധി ചെയ്‌തെന്ന് സുധാകരന്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാന്ധിജിയുടെ അഭിപ്രായം കൂടി മാനിച്ചാണ് അന്ന് കോണ്‍ഗ്രസ് വിമര്‍ശകരായ ഡോ. ബി ആര്‍ അംബേദ്കറെയും, ശ്യാമപ്രസാദ് മുഖര്‍ജിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. മന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പ് 1946-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞിരുന്നു. വര്‍ഗീയ ശക്തികളോട് സന്ധി ചെയ്യുകയല്ല ഉണ്ടായതെന്നും ചരിത്ര ബോധവും വീക്ഷണവുമില്ലാത്ത നിലപാട് കോണ്‍ഗ്രസ് തള്ളിപ്പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തൻ്റെ വര്‍ഗീയ നിലപാട് താല്‍ക്കാലികമായെങ്കിലും മാറ്റിവെച്ച് നെഹ്‌റുവിൻ്റെ മതേതര നിലപാട് അംഗീകരിച്ചാണ് അന്ന് മന്ത്രിസഭയില്‍ ശ്യാമപ്രസാദ് അംഗമായത്. ഗാന്ധിവധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്‍എസ്എസിനെ നെഹ്‌റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആ നിലപാടിനെയും അംഗീകരിച്ച് ശ്യാമപ്രസാദ് മന്ത്രിസഭയുടെ ഭാഗമായി നിന്നു. ഗാന്ധിവധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സര്‍ദാര്‍ പട്ടേല്‍ ഹിന്ദു മഹാസഭയെ കുറ്റപ്പെടുത്തിയിരുന്നു. അപ്പോഴും ശ്യാമപ്രസാദ് മന്ത്രിസഭയില്‍ തുടര്‍ന്നു. ആരാണ് നിലപാടില്‍ സന്ധിചെയ്തതെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്കെങ്കിലും സംശയമുണ്ടാവേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.