കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപെട്ട അതിഥി തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് സുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്.
വീടിൻ്റെ നിർമാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് മൂന്ന് പേര് രക്ഷപ്പെട്ടു.
കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയില്‍ കഴിയുമ്പോള്‍ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സുശാന്തിനെ പുറത്തെടുത്തത്. 10മണിയോടെ തുടങ്ങിയ രക്ഷാ പ്രവർത്തനം 11.30ഓടെയാണ് അവസാനിച്ചത്. കോട്ടയം ചിങ്ങവനം പൊലീസും ഫയർഫോഴ്സും ചേർന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.