തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. ആർഎസ്എസിനെ വെള്ളപൂശാനായി സുധാകരൻ പ്രസ്താവന നടത്തിയിട്ടില്ല. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിൻ്റെയോ സർട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. നാക്ക് പിഴയാണെന്ന് സുധാകരൻ പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിൽ അർത്ഥമില്ലെന്നും ചെന്നിത്തല.
ലീഗിന് ചില ആശങ്കകളുണ്ട്. അത് കോൺഗ്രസ് നേതാക്കൾ സംസാരിച്ച് വ്യക്തത വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ‘കോൺഗ്രസിൻ്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. സുധാകരനുമായി താൻ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു.