മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ വെല്ലുവിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണറെ കുറിച്ച് താൻ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങൾ കൃഷ്ണദാസിന് തെളിയിക്കാനാകുമോ? നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഗവർണറെ കുറിച്ച് താൻ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാമോ എന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ഗവർണർക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാൽ നന്നാകുമെന്നും താൻ പറഞ്ഞിട്ടില്ല. നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പാകിസ്ഥാനുമായി ചേർന്ന് സിപി രാമസ്വാമി അയ്യർ ഇന്ത്യക്കെതിരെ പ്രവർത്തിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. സി പി രാമസ്വാമി അയ്യർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ തിരുവിതാംകൂർ ഭരണകൂടത്തിൻ്റെ ഔദ്യോഗിക ജിഹ്വയായ ട്രാവൻകൂർ ഇൻഫർമേഷൻ ആൻഡ് ലിസനർ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവിതാംകൂർ മുൻ ഐ ജി കരീം സാഹിബിനെ തിരുവിതാംകൂറിൻ്റെ പാകിസ്ഥാനിലെ ട്രേഡ് കമ്മീഷണർ ആയി നിയമിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ സിപി രാമസ്വാമി അയ്യർ നിരവധി പ്രസംഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുമ്പോൾ അരിയുടെ പ്രശ്നം മാത്രമാണ് ഉണ്ടാവുക എന്നും അത് പാകിസ്ഥാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യാൻ സംവിധാനമൊരുക്കാമെന്നും സിപി രാമസ്വാമി അയ്യർ പ്രസംഗങ്ങളിൽ പറഞ്ഞത് ചരിത്രം പരിശോധിച്ചാൽ പി കെ കൃഷ്ണദാസിന് മനസിലാക്കാം. എന്നിട്ടും ഇന്ത്യാ വിരുദ്ധനായ സി പി രാമസ്വാമി അയ്യർക്ക് സ്തുതി പാടുകയാണ് ബിജെപി നേതാക്കൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരെ പ്രവർത്തിച്ച സർ സിപിയെ ബിജെപി വെളുപ്പിച്ചെടുക്കുന്നു; വി ശിവൻകുട്ടി