ഗവർണറെ സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു. ഓർഡിനൻസ് ഗവർണർക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓർഡിനൻസ് തയ്യാറാക്കിയത്.
എന്നാൽ തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ സർക്കാർ കോടതിയെ സമീപിക്കും. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഭണഘടനയിൽ ഉണ്ട്. അതിലൊന്നും ചാൻസലറെ ഒഴിവാക്കുന്ന ഓർഡിനൻസ് ഉൾപ്പെടില്ല. ആ സാഹചര്യത്തിലാണ് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത്.
ഇന്ന് വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് തിരിക്കും. ഇനി നവംബർ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തിൽ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓർഡിനൻസ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം.
ഗവർണർക്ക് വീണ്ടും തിരിച്ചടി; കെടിയു വിസി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി