കെപിസിസി പ്രസിഡന്റ് ആയിട്ടും ആർ എസ് എസ്സിനെ സഹായിക്കുന്ന ദൗത്യം കെ സുധാകരൻ തുടരുകയാണെന്ന് പി ജയരാജൻ. രാഷ്ട്രീയ രംഗത്ത് അവസരവാദിയാണ് കെ സുധാകരനെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരൻ്റെ പ്രസ്താവനകൾ. സുധാകരൻ പകുതി കോൺഗ്രസും പകുതി ആർ എസ് എസ്സുമാണ്. പ്രതികളായ ആർ എസ് എസ്സുകാർക്ക് പരോൾ അനുവദിക്കാൻ സുധാകരൻ ഇടപെട്ടത് ചരിത്രമാണ്. സുധാകരൻ്റെ പ്രസ്താവന ആസൂത്രിതമെന്നും പി ജയരാജൻ വ്യക്തമാക്കി.
സുധാകരനെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്ന് മുൻ മന്ത്രി കൂടിയായ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.
ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരൻ്റെ വിവാദ പരാമർശം.