ആർഎസ്എസിൻ്റെ ശാഖ സംരക്ഷിക്കാൻ ആളെ അയച്ച് സഹായം നൽകിയെന്ന കെ സുധാകരൻ്റെ പ്രസ്താവന മുസ്ലിം ലീഗ് ചർച്ച ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിൽ കൂടിയാലോചന നടത്തിയ ശേഷം കൂടുതൽ പ്രതികരിക്കാം. വാക്കുകൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു വാക്കു കൊണ്ടെങ്കിലും ആർ എസ് എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരുമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരനും പറഞ്ഞു.
ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്നാണ് സുധാകരനെതിരെ മുതിർന്ന ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്‌ദുറബ്ബ് കുറിപ്പിൽ കൂട്ടിച്ചേർത്തു.
എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ് ആർഎസ്എസിന് സഹായം നൽകിയതെന്നായിരുന്നു സുധാകരൻ്റെ വിവാദ പ്രസ്താവന.