ഇടുക്കി ശാന്തൻപാറയിൽ രാഷ്ട്രീയവൈരാഗ്യം മൂലം സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കോൺഗ്രസ് പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തെ വ്യക്തിവൈരാഗ്യമെന്ന് ലഘൂകരിച്ച് മനോരമ. തങ്ങളുടെ നുണ സാധൂകരിക്കാൻ പോലീസിനെയും പത്രം കൂട്ടുപിടിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം രാഷ്ട്രീയവൈരാഗ്യം മൂലമാണ് എന്ന് കൃത്യമായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂന്തപ്പനത്തേരിയിലെ സിപിഎം പ്രവർത്തകരായ പരമശിവം (52), മകൻ കുമാർ (കുട്ടൻ-26) എന്നിവരെയാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വരദരാജൻ്റെ മകൻ വിമൽ, വിമലിൻ്റെ ഭാര്യാ സഹോദരൻ അരവിന്ദ് എന്നിവർ അർദ്ധരാത്രിയിൽ വീട്ടിൽ കയറി വെട്ടിയത്. മാരകമായി പരിക്കേറ്റ പരമശിവവും കുമാറും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരമശിവത്തിൻ്റെ മൂക്കിലും തലയിലും കുമാറിൻ്റെ കഴുത്തിലുമാണ് വെട്ടിയത്. മദ്യലഹരിയിൽ രാത്രി പതിനൊന്നു മണിയോടെയായിരുന്നു ആക്രമണം.
പ്രതികളുടെ രാഷ്ട്രീയവും ആക്രമണത്തിൻ്റെ കാരണവും നാട്ടുകാർക്കും അയൽവാസികൾക്കും വ്യക്തമാണ്. കൊലപാതകശ്രമത്തിൽ പരിക്കേറ്റവരും പ്രതികളും തമ്മിൽ എന്തെങ്കിലും വ്യക്തിപരമായ മുൻവൈരാഗ്യം ഉള്ളതായി അയൽവാസികൾക്കോ നാട്ടുകാർക്കോ അറിയില്ല. ഇതിനു മുമ്പൊരിക്കലും ഇരുവരും തമ്മിൽ യാതൊരു സംഘർഷവും ഉണ്ടായിട്ടുമില്ല. ഒന്നാം പ്രതി വിമലിൻ്റെ മാതാവ് ഗീത വരദരാജൻ കഴിഞ്ഞ തവണ ശാന്തൻപാറ പഞ്ചായത്തിലെ കോൺഗ്രസ് മെമ്പറായിരുന്നു.
എഫ്ഐആറിലും രാഷ്ട്രീയവൈരാഗ്യം എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് അനുകൂലിയായ ഒന്നാം പ്രതിയ്ക്ക് എൽഡിഎഫ് അനുകൂലിയായ ആവലാതിക്കാരൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ഷൻ പ്രചരണത്തിനു പോയതിലുള്ള വൈരാഗ്യം നിമിത്തം എന്നാണ് എഫ്ഐആർ തുടങ്ങുന്നത് തന്നെ. എന്നിട്ടും സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണു പൊലീസിൻ്റെ പ്രാഥമിക നിഗമനം എന്ന പച്ചക്കള്ളം വാർത്തയിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി ജെ ഷൈൻ ഹൃദയാഘാതം മൂലം മരണപ്പെട്ടതിനെത്തുടർന്നാണ് പത്താം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സമയം മുതൽ യുഡിഎഫ് പ്രകോപനം തുടങ്ങിയെന്ന് പ്രദേശവാസികൾ പറയുന്നു. ഇക്കഴിഞ്ഞ ദിവസം എൽഡിഎഫിൻ്റെ കൊടിതോരണങ്ങൾ നശിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകരായ പരമശിവത്തെയും മകൻ കുട്ടനെയും വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ചത്.
ഒന്നാം പ്രതിയുടെ പേരിൽ വേറെയും ക്രിമിനൽ കേസുകളുണ്ട്. ഇയാൾ പോസ്കോ കേസിലും പ്രതിയാണ്.