തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു. കേരള തമിഴ്നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അഭിത.
തൻ്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാൻ വേണ്ടി മനപൂർവ്വം വിഷം കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നുവെന്നും വീട്ടുകാർ ആരോപിക്കുന്നു.
സെപ്റ്റംബർ 7 ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭിതക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോൾ യുവാവ് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു.
വയറ് വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്. അഭിതയുടെ കരളിൻ്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതായാണ് മരണ കാരണം എന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു.