ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം. സിപിഎം പ്രവർത്തകരായ പിതാവിനെയും മകനെയും വീടിനുള്ളിൽ കയറി അക്രമികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരമശിവൻ, മകൻ കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. ശാന്തൻപാറ സ്വദേശി വിമൽ, അരവിന്ദൻ എന്നിവർ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.
വെട്ടേറ്റ ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തൊട്ടിക്കാനം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഉപതെരഞ്ഞെടുപ്പ് പരാജയഭീതി മൂലം പ്രദേശത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസുകാർ ബോധപൂർവം ശ്രമം നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.