തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിൻ്റെ പൂട്ട് പൊളിച്ച നിലയിൽ. കേസന്വേഷണത്തിൻ്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. പാറശ്ശാല പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. മോഷണശ്രമമാണോ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, പൊലീസ് കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ലഭിച്ചത്.