തലശ്ശേരിയിൽ മർദ്ദനമേറ്റ ആറ് വയസുകാരനും രാജസ്ഥാൻ കുടുംബത്തിനും താങ്ങായത് സിപിഎം ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ എം കെ ഹസ്സൻ. നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്നതിന് പൊന്ന്യം പാലം സ്വദേശി ചവിട്ടി തെറിപ്പിച്ച ആറുവയസുകാരനെ ആശുപത്രിയിലെത്തിക്കുന്നത് മുതൽ പുലർച്ചെ നാല്മണിവരെ ഇവർക്കൊപ്പം എസ്എഫ്ഐ മുൻ നേതാവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനുമായ ഹസ്സൻ ഉണ്ടായിരുന്നു.
‘‘വ്യാഴാഴ്ച രാത്രി എട്ട്മണിയോടെ പുതിയബസ്സ്റ്റാന്റിനടുത്ത മണവാട്ടി ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽ വന്നപ്പോഴാണ് ഒരു പിഞ്ചുബാലനും പിതാവും സ്ലാബിന് മുകളിലിരുന്ന് കരയുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് കാറിൽ ചാരിയതിന് വയറിലും പുറത്തും ഒരാൾ കുട്ടിയെ ചവിട്ടിയത് അറിഞ്ഞത്. ഓട്ടോ ഡ്രൈവർമാരടക്കം നിരവധിപേർ വിവരമറിഞ്ഞ് എത്തിയിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കുറച്ച് കഴിഞ്ഞപ്പോൾ അവർ ഭയപ്പെട്ട് പുറത്തുപോയി. അന്വേഷിച്ച് തിരികെ എത്തിച്ചപ്പോൾ ഞാൻ വക്കീലാണെന്നും എല്ലാ നിയമ സഹായവും നൽകാമെന്നും ഉറപ്പു നൽകി. കൊ – -ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്നാണ് എക്സറേയും സ്കാനിങ്ങും എടുത്തത്. സിസിടിവി ഫൂട്ടേജ് എടുക്കാനും പോലീസിനെ സഹായിച്ചതായി എം കെ ഹസൻ പറഞ്ഞു.
അഡ്മിറ്റായ ഉടൻ പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാത്രി പത്ത്മുതൽ നാല്മണിവരെ പ്രതി സ്റ്റേഷനിലുണ്ടായതിനും സാക്ഷിയാണ്. പരാതിക്കാരനില്ലെങ്കിൽ ഞാൻ പരാതി നൽകാമെന്നും കേസെടുക്കണമെന്നും പറഞ്ഞിരുന്നു. സ്വമേധായ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചതെന്നും എം കെ ഹസ്സൻ വ്യക്തമാക്കി.
കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ