കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാർ കുഞ്ഞിനും കുടുംബത്തിനും ഒപ്പം നിൽക്കുമെന്നും വീണ ജോർജ് പറഞ്ഞു.
‘കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നൽകും. രാജസ്ഥാൻ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നിൽക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഉപജീവനത്തിന് മാർഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സർക്കാർ അവർക്കൊപ്പം നിൽക്കും’ വീണ ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പെന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് കാറിൽ ചാരിനിന്ന കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.