ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് വീണ്ടും കെ സുധാകരൻ. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവർണർ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരൻ എൽഡിഎഫ് സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പറഞ്ഞു.
ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗവർണർ ഇന്ന് ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ ഗവർണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു.
ഗവർണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. തങ്ങൾ ഉന്നയിച്ച ആരോപണമാണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല എന്നും സുധാകരൻ പറഞ്ഞു.
അതേസമയം ഗവർണറെ പിന്തുണക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ എഐസിസി അധ്യക്ഷൻ മല്ലിഗാർജ്ജുൻ ഖാർഗെ രംഗത്തു വന്നിരുന്നു. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരവും ആരിഫ് മുഹമ്മദ് ഖാനെതിരെ രംഗത്ത് വന്നു. ധനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിയുകയാണ് വേണ്ടത്, ആരിഫ് മുഹമ്മദ് ഖാൻ്റെ വിരട്ടലൊന്നും പിണറായിയുടെ അടുത്ത് വിലപ്പോവില്ലെന്നും ചിദംബരം വ്യക്തമാക്കി.