നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ബസ്സുടമകളുടെ ആവശ്യം കേട്ടു, കോടതി വിധികൾക്കനുസരിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസ്സുടമകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കളർകോഡ് നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കുക, വേഗപരിധി 80 കിലോമീറ്ററാക്കുക, നിലവിലെ സാഹചര്യങ്ങളും വിഷയങ്ങളും പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ ചർച്ചയിൽ ഉന്നയിച്ചത്. ആവശ്യങ്ങൾ പരിശോധിച്ച് മറുപടി നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബസ്സുടമകൾ പറഞ്ഞു. ബസ്സുടമകളുട ആവശ്യങ്ങളിൽ കോടതി വിധി വന്നതിനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.
ശബരിമല സീസണോടനുബന്ധിച്ച് ഓടാതെ കിടന്ന 800 കെ എസ്ആർടി സി ബസ്സുകൾ നിരത്തിലിറക്കുമെന്നും ഭക്തരുടെ എണ്ണമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.