ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ഷാരോണിൻ്റെ പിതാവ് ജയരാജ് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും ജയരാജ് അറിയിച്ചു.
ഷാരോൺ കേസ് തമിഴ്നാടിനും കേരളത്തിനും അന്വേഷിക്കാമെന്ന നിയമോപദേശം നിലവിലുണ്ട്. ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടിയത്. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്നാട് പൊലീസിൻ്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങള്‍ കൈമാറാനായിരുന്നു തീരുമാനം.
എന്നാൽ തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിർബന്ധമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിൻ്റെ വാദവും നിര്‍ണായകമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് നിയമോപദേശം തേടിയത്.