തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി 2823 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 3071 പേരെ പോലീസ് അറസ്റ്റും ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. 405 കേസുകളിലായി 437 പേർ ഇതിനോടകം എറണാകുളം ജില്ലയിൽ അറസ്റ്റിലായി കഴിഞ്ഞു. കോട്ടയത്ത് രജിസ്റ്റർ ചെയ്ത 376 കേസുകളിൽ 390 പേർ അറസ്റ്റിലായി. ആലപ്പുഴയിൽ 296 കേസുകളിലായി 308 പേരെയും അറസ്റ്റ് ചെയ്തു.
ഏറ്റവും കുറച്ച് കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലാ പത്തനംതിട്ടയാണ്. 45 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 15 പേർ അറസ്റ്റിലായി. ഒക്ടോബർ ആറ് മുതൽ തുടങ്ങിയ ലഹരിവിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി 158.46 കിലോ കഞ്ചാവ് വിവിധ ജില്ലകളിൽ നിന്നായി പിടിച്ചെടുത്തു. കോട്ടയത്ത് നിന്ന് 92.49 കിലോ കഞ്ചാവും, തൃശൂരിൽ നിന്ന് 21.83 കിലോ കഞ്ചാവും മലപ്പുറം ജില്ലയിൽ നിന്ന് 18.98 കിലോയും പിടികൂടി. 1.75 കിലോ എം.ഡി.എം.എയും, 872 ഗ്രാം ഹാഷിഷ് ഓയിലും, 16.91 ഗ്രാം ഹെറോയിനും വിവിധ ജില്ലകളിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടിച്ചെടുത്തത്. 920.42 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിൽ നിന്ന് 536.22 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
അതേസമയം ലഹരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോ ടു ഡ്രഗ്സ് ക്യാമ്പയ്ൻ്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും പിണറായി.