തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വർധന നിയന്ത്രിക്കാൻ ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയുടെ അരി വണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് ഇല്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകൾക്ക് വേണ്ടിയാണ് ബുധനാഴ്ച അരിവണ്ടി യാത്ര തുടങ്ങിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ആരംഭിക്കും. സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ അരിവണ്ടി എത്തും. ഒരുതാലൂക്കിൽ രണ്ട് ദിവസം വീതം എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അരി വാങ്ങുന്നതിന് റേഷൻ കാർഡ് ഹാജരാക്കണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇത്തരത്തിൽ വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ ഇടതുപക്ഷ സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരിവണ്ടിയിൽ നിന്ന് 25 രൂപ നിരക്കിൽ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോയ്ക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും. ഒരു റേഷൻ കാർഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയിൽ നിന്ന് ലഭിക്കും. സപ്ലൈകോയുടെ ഔട്ട്ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളിൽ അരി വണ്ടി എത്തും. അരി വില നിയന്ത്രിക്കാനായി വിപണി ഇടപെടൽ പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കിലോഗ്രാമിനു 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് പൊതുവിപണിയിൽ 60 രൂപയിൽ കൂടുതലാണിപ്പോൾ വില. ആറു മാസം മുൻപ് 150 രൂപ വില ഉണ്ടായിരുന്ന വറ്റൽ മുളകിനു 300 രൂപയ്ക്കു മുകളിലാണു വില. ഈ സാഹചര്യത്തിൽ സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ ഇവ വിതരണം ചെയ്യാനാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള 6 പലവ്യഞ്ജനങ്ങൾ എത്തിക്കാൻ ആന്ധപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി.നാഗേശ്വര റാവുവും മന്ത്രി ജി.ആർ.അനിലും ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്പന്നങ്ങളാണ് എത്തിക്കുക.