തൃശൂരിൽ കുടുംബത്തെ പെരുവഴിയിലാക്കിയ ജപ്തി ചെയ്ത വീട് തിരിച്ചു നൽകും. ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഇടപെട്ട സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കുടുംബത്തിന് വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
റിസ്ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു.
തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിൻ്റെ വീട് കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ജപ്തി ചെയ്യുകയായിരുന്നു. ഉടുതുണിയും ഭക്ഷണ സാധനങ്ങളും അടക്കം വീടിനുള്ളിലാക്കി സീൽ ചെയ്യുകയായിരുന്നു.
കാൻസർ രോഗ ചികിത്സക്കായാണ് 2013ൽ കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുൾപ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് അറിയിച്ച് ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.