തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള 6 പലവ്യഞ്ജനങ്ങൾ എത്തിക്കും. ആന്ധപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി.നാഗേശ്വര റാവുവും മന്ത്രി ജി.ആർ.അനിലും നടത്തിയ ചർച്ചയിലാണ് തീരുമാനം. ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്പന്നങ്ങളാണ് എത്തിക്കുക.
സീസണിൽ സംഭരിക്കാവുന്ന ചില ഉത്പന്നങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇത്തരം ഉത്പന്നങ്ങൾ ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ട്രാൻസ്പോർട്ടേഷൻ ചെലവ് മാത്രം ഉൾപ്പെടുത്തി പരമാവധി വില കുറച്ചു നൽകാമെന്നു മന്ത്രി കെ.വി.നാഗേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പ് നൽകിയതായും മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ലക്ഷം ഹെക്ടറിൽ കൃഷിയിറക്കാനുള്ള വിത്ത് ശേഖരിച്ചിട്ടുണ്ട്. കർഷകർക്ക് താൽപര്യവുമുണ്ട്. പക്ഷെ എഫ്സിഐ നേരിട്ട് ജയ അരി സംഭരിക്കാത്തതാണ് കർഷർ കൃഷി ഉപേക്ഷിച്ചതിന് കാരണമെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി കെ.വി.നാഗേശ്വര റാവു പറഞ്ഞു. അരിവില നിയന്ത്രിക്കാൻ വിപണി ഇടപെടൽ കാര്യക്ഷമമാക്കുമെന്നും ജയ അരി ഒഴികെ അരി ഇനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ അരിവണ്ടി അടക്കം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ജി ആർ അനിൽ വിശദീകരിച്ചു. കിലോഗ്രാമിനു 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് പൊതുവിപണിയിൽ 60 രൂപയിൽ കൂടുതലാണിപ്പോൾ വില. ആറു മാസം മുൻപ് 150 രൂപ വില ഉണ്ടായിരുന്ന വറ്റൽ മുളകിനു 300 രൂപയ്ക്കു മുകളിലാണു വില. ഈ സാഹചര്യത്തിൽ സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ ഇവ വിതരണം ചെയ്യാനാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.