ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി തേടി പോലീസ് ആസ്ഥാനത്ത് അന്വേഷണ സംഘം അപേക്ഷ നൽകി. കോവളത്ത് വച്ച് എൽദോസ് കുന്നപ്പിള്ളി യുവതിയെ മർദ്ദിച്ചത് പോലീസിനെ വിളിച്ചറിയിച്ച വ്യക്തിയെ കണ്ടെത്താൻ സ്റ്റേഷനിലെ ഫോൺ രേഖകളും പരിശോധിക്കും. ഇതിനുള്ള അപേക്ഷയും അന്വേഷണ സംഘം നൽകിയിട്ടുണ്ട്.
അതേസമയം എൽദോസ് കുന്നപ്പിള്ളി യുവതിയെ കോവളത്തെത്തിച്ച കാർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എൽദോസിൻ്റെ സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിഷ്ണുവിന് നോട്ടീസ് നൽകിയാണ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വാടകവീട്ടിൽ വരാൻ എൽദോസ് കുന്നപ്പിള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ്. ഈ കാറിലാണ് പരാതിയിൽ പറയുന്ന ദിവസം യുവതിയെ കോവളത്ത് എത്തിച്ചതും ആക്രമിച്ചതുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഒക്ടോബർ ഇരുപതിനാണ് ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. സോഷ്യൽമീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്‌പോർട്ടും കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
എൽദോസ് കുന്നപ്പിള്ളി യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു