എറണാകുളം ബിജെപിയിൽ ഭിന്നത രൂക്ഷം. ജില്ലാ പ്രസിഡന്റ് എസ് ജയകൃയണൻ്റെ രാജിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്ത്. പാർട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെ കാക്കനാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ഫ്ലക്സ്ബോർഡ് സ്ഥാപിച്ചു. ‘ബിജെപിയെ രക്ഷിക്കൂ, കേന്ദ്രം ഇടപെടൂ’ എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിൻ്റെ രാജിയിലേക്ക് നയിച്ച വിഷയങ്ങളിൽ കൂട്ടുത്തരവാദിത്വം ഏറ്റെടുത്ത് സംഘടനാ സെക്രട്ടറി, പ്രഭാരി, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവർ രാജിവെക്കുക. ബിജെപി എറണാകുളം ജില്ല എരിതീയിൽ നിന്നും വറചട്ടിയിലേക്ക്. പാർട്ടിയെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഉപകരണമായി ഉപയോഗിക്കുന്ന നേതാക്കന്മാരെ പുറത്താക്കുക എന്നും ഫ്ലക്സിലുണ്ട്.
സംസ്ഥാന നേതൃത്വത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ ദിവസം ജയകൃഷ്ണൻ രാജി വച്ചത്. രാജിക്കത്ത് സ്പീഡ് പോസ്റ്റ് വഴിയാണ് ജയകൃഷ്ണൻ നേതൃത്വത്തിന് കൈമാറിയത്. ഒറ്റവരി രാജിക്കത്താണ് ജയകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് നൽകിയത്.
ജയകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന മാസങ്ങളായി ശക്തമായിരുന്നു. ഏതാനും ആഴ്ച്ചകളായി അദ്ദേഹം പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. പാർട്ടിയിലെ വിഭാഗീയതയാണ് രാജിയ്ക്ക് കാരണം. എന്നാൽ ജയകൃഷ്ണൻ രാജിവെച്ചതിൽ ആർഎസ്എസ് അതൃപ്തിയിലാണ്. ജില്ലയിലെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് ജയകൃഷ്ണൻ പ്രസിഡന്റായത്. ഡിസംബർ മൂന്നിന് കാലാവധി തീരുന്നത് വരെ ജയകൃഷ്ണനെ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ആർഎസ്എസിനുള്ളത്.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് രാജിവച്ചു; ബിജെപിയും ആർഎസ്എസും രണ്ട് ചേരിയിൽ