എൻഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലിസ് കസ്റ്റഡിയിൽ വാങ്ങും. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ റൗഫിൻ്റെ പേര് ഉണ്ടായിരുന്നു. എന്നാൽ പിഎഫ്ഐ നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവിൽ പോയതോടെ അറസ്റ്റ് ചെയ്യാനായിരുന്നില്ല.
വ്യാഴാഴ്ച രാത്രി എൻഐഎ സംഘം വീട് വളഞ്ഞാണ് റൗഫിനെ എൻഐഎ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായി കണക്കാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിന് പുറമെ എട്ട് അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സെപ്റ്റംബർ 22 മുതൽ നടത്തിയ മിന്നൽ പരിശോധനകൾക്കൊടുവിലാണ് നടപടി.