സാമ്രാജ്യത്വത്തിൻ്റെ നവഉദാരവൽക്കരണ ഘട്ടം മഹാപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാജ്യത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായി, എല്ലാ ചൂഷിതവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരന്നുള്ള അതിശക്തമായ വർഗസമരങ്ങളിലൂടെയാണ് സാമ്രാജ്യത്വം തകരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹവാനയിൽ നടക്കുന്ന കമ്യൂണിസ്റ്റ്, വർക്കേഴ്സ് പാർടി അന്താരാഷ്ട്ര സമ്മേളനത്തിൽ സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പുരോഗമന നയങ്ങൾ നടപ്പാക്കി മുന്നേറുകയാണ്. തൊഴിലാളികളുടെയും കർഷകരുടെയും സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരുടെയും സംയുക്തപ്രക്ഷോഭങ്ങളും സമാന്തരമായി സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ ഭരണഘടനാമൂല്യങ്ങൾ ചവിട്ടിമെതിച്ച് മൗലികാവകാശങ്ങൾപോലും ഹനിക്കുന്ന പ്രതിലോമകാരിയായ കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് എതിരെയും സിപിഎം ശക്തമായ പോരാട്ടത്തിലാണ്. മതപരമായ ഭിന്നിപ്പുകൾ സൃഷ്ടിച്ച് വർഗപരമായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെയും പ്രതിരോധിക്കുന്നുണ്ട്.
എല്ലാ തടസ്സങ്ങളെയും മറികടന്ന് വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം സമ്മാനിക്കുന്ന ഉദാത്ത മാതൃകയായി ക്യൂബ നിലനിൽക്കുന്നത് ആവേശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.