പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തിൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമ്മാണം ആയതിനാൽ സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. രാത്രിയും പകലും പ്രവൃത്തികൾ നടന്നുവരികയായിരുന്നു. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. IPC 336, 338, KP 118 വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്.