അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമാകുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഹർജി ഹൈക്കോടതി പരിഗണിക്കും.
മാത്രമല്ല, എൽദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് രീതി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ ഇരുപതിനാണ് ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. സോഷ്യൽമീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്പോർട്ടും കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.