തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർക്ക് അദ്ദേഹത്തിൻ്റെ അധികാരങ്ങളെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്നും കാനം.
ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കാനം രാജേന്ദ്രൻ പ്രതികരിച്ചു.