വടകര: ലൈംഗിക പീഡന കേസിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദിൻ്റെ ഓഫീസിൽ എത്തി കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ ഒമ്പത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുകയായിരുന്നു. സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. മലപ്പുറം സ്വദേശിയായ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്താനത്തിൽ രജിസ്ട്രർ ചെയ്ത കേസിലാണ് ഡിവൈഎസ്പി മുമ്പാകെ ഹാജരായത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ഉത്തരവ്.
പട്ടികജാതി വിഭാഗത്തിനു നേരെ നടന്ന അതിക്രമത്തിൽ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. ഈ വർഷം ഏപ്രിലിൽ പുസ്തക പ്രകാശനത്തിന് കോഴിക്കോടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കെസെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കും.