തിരുവനന്തപുരം: ഒമ്പത് സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ സർവകലാശാലകളിൽ എസ്എഫ്ഐ പ്രതിഷേധം. ഗവർണറുടെ വി.സിയെ സർവകലാശാലയിൽ കയറ്റില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. അവധി ദിവസമായിട്ടും നിരവധി വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സവർക്കറും ഗവർണറും ഗേറ്റിന് പുറത്തെന്ന മുദ്രാവകവുമായി മലയാള സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കേരള സർവകലാശാല അസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോനിലയ്ക്ക് തകരാറ് സംഭവിച്ചതുപോലാണ് വാ തുറക്കുന്നതും നിലപാടുകൾ സ്വീകരിക്കുന്നതുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു. ചാൻസലർക്ക് ആവശ്യമായ ചികിത്സ നാഗ്പൂരിൽ നിന്ന് നൽകിയില്ലയെങ്കിൽ കേരളത്തിൽ ഏർപ്പാടാക്കുമെന്നും ആർഷോ. വൈസ് ചാൻസലർമാരെ പുറത്താക്കണമെങ്കിൽ കാരണം വ്യക്തമാക്കി അത് ചെയ്യണം. അല്ലാത്ത രീതികളുമായി വന്നാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.പ്രൗഡിയുടെ അടയാളമായ NAACൻ്റെ ഉയർന്ന അംഗീകാരങ്ങൾ അടക്കം നേടി തലയുയർത്തി നിൽക്കുന്ന കേരളത്തിൻ്റെ സർവകലാശാലകളിൽ സംഘപരിവാർ നോമിനികളെ തിരുകി കയറ്റി കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല കാവിയിൽ മുക്കാനുള്ള അജണ്ടയാണ് ഗവർണർ നടത്തിയെടുക്കാൻ ശ്രമിക്കുന്നത്. ആ മോഹം കേരളത്തിലെ പുരോഗമന വിദ്യാർത്ഥി സമൂഹം ഉള്ളിടത്തോളം കാലം നടക്കില്ലെന്നും ആർഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.