തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശപാതയായ കഴക്കൂട്ടം മേൽപ്പാലം നവംബർ 15ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2.71 കിലോമീറ്ററിലുള്ള നാലുവരിപ്പാതയുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാർ, പൊതുമരാമത്തുവകുപ്പ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ് മേൽപ്പാലമെന്ന് മന്ത്രി പറഞ്ഞു.
അടിപ്പാത നിർമാണത്തിന് സംസ്ഥാന സർക്കാർ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. നവംബർ ഒന്നിന് തുറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മഴ കാരണമാണ് നീട്ടിവയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. കഴക്കൂട്ടം–കാരോട് ബൈപാസ് സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാന സർക്കാർ വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കില്ല. ഔദ്യോഗിക ഉദ്ഘാടനം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.