ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളി എംഎൽഎക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി. നടപടി വൈകുന്നത് ശരിയല്ല. കേസിൽ ഒളിവിൽ പോകേണ്ട കാര്യമില്ലായിരുന്നില്ല. നിരപരാധിയായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഒളിവിൽ പോയതെന്നും കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പിള്ളി ഞരമ്പ് രോഗിയാണെന്നും കെ മുരളീധരൻ ആരോപിച്ചിരുന്നു. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്‌പോർട്ടും കോടതിയിൽ ഹാജരാക്കണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി എൽദോസിനോട് നിർദേശിച്ചു.
സെപ്റ്റംബർ 14ന് യുവതിയെ ബലമായി വീട്ടിൽ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ എംഎൽഎയും സഹായികളും കോവളത്ത് വച്ച് ഇവരെ മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകി. ഈ പരാതി പിൻവലിക്കാൻ എംഎൽഎ കഴിഞ്ഞ ഒൻപതാം തീയതി വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ കൊണ്ടുപോയി മർദിച്ച് കേസ് പിൻവലിപ്പിക്കാൻ നീക്കം നടത്തി. ഇതോടെ ഇവർ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് യുവതിയെ തമിഴ് നാട്ടിൽ നിന്ന കണ്ടെത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് നൽകിയ രഹസ്യ മൊഴിയിൽ യുവതി എംഎൽഎയുടെ ലൈംഗിക പീഡനത്തിൻ്റെ വിവരങ്ങൾ കോടതിയെ അറിയിക്കുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ബലാത്സംഗ കുറ്റം ചുമത്തുകയുമായിരുന്നു.