മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 –മത് ജന്മദിനം. വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ സുഖമായിരിക്കുന്നുവെന്ന് ഭാര്യ കെ വസുമതി. രാഷ്ട്രീയത്തിൽ പ്രിതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും ഇതൊന്നും വിഎസിനെ ബാധിക്കാറില്ലായിരുന്നു. വീട്ടിൽ വിഎസ് രാഷ്ട്രീയം സംസാരിക്കാറില്ല, തങ്ങൾ ചോദിക്കാറുമില്ല. പത്രത്തിൽ വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നതെന്നും വസുമതി പറഞ്ഞു.
സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിൽ നഴ്സിങ് പഠനം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോഴാണ് വിഎസിൻ്റെ വിവാഹാലോചന വരുന്നത്. ഒരു ദിവസം വീട്ടിൽ നിന്ന് കമ്പി സന്ദേശം എത്തി. ഉടൻ എത്തണം എന്നായിരുന്നു. എത്തിയപ്പോൾ എൻ്റെ വിവാഹം നിശ്ചയിച്ചു എന്നാണ് അറിഞ്ഞത്. വരൻ വിഎസ് അച്യുതാനന്ദൻ. ഞാനും പാർട്ടിയിലുണ്ടായിരുന്നു. മഹിളാപ്രവർത്തനത്തിന് പോകുമ്പോൾ വിഎസിൻ്റെ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കും. അതിനോട് ആരാധനയായിരുന്നു.
സഖാവിൻ്റെ ജീവിതവും പ്രവർത്തനവും എന്തിന് വേണ്ടിയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് സാധാരണ പെൺകുട്ടികളുടേത് പോലുള്ള വിവാഹ ജീവിതമായിരിക്കില്ല എന്നെ കാത്തിരിക്കുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നു. വിവാഹ ദിവസം പാർട്ടി വാടകയ്ക്ക് എടുത്തുതന്ന വീട്ടിൽ താമസിച്ചു. പിറ്റേന്ന് രാവിലെ എന്നെ വീട്ടിൽ കൊണ്ടാക്കിയ ശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബസിൽ കയറി തിരുവനന്തപുരത്തേക്ക് പോയി. വിഎസിൻ്റെ സമരങ്ങളും പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതിയുമെല്ലാം തന്നെയും സ്വാധീനിച്ചിട്ടുണ്ട്. താൻ ജോലി ചെയ്യുന്ന മേഖലയിലും സമരത്തിലൂടെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. നഴ്സുമാരുടെ സംഘടനയിൽ നേതാവായിരുന്നു. മുമ്പ് നഴ്സുമാർക്ക് 14 മണിക്കൂർ ജോലിയുണ്ടായിരുന്നു. അത് എട്ട് മണിക്കൂറാക്കിയതൊക്കെ തങ്ങളുടെ സമരത്തെ തുടർന്നായിരുന്നു.
മുമ്പത്തെപ്പോലെ ആരോഗ്യവാനല്ലെങ്കിലും കാര്യങ്ങളെല്ലാം അറിയുന്നുണ്ട്. പഴയ ചിട്ടകൾ എല്ലാം തുടരാൻ ഇപ്പോൾ അനാരോഗ്യം അനുവദിക്കുന്നില്ല, പക്ഷെ വേണ്ടതെല്ലാം ചെയ്തുകൊടുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ടിവി വാർത്തയും മറ്റു പരിപാടികളുമൊക്കെ കാണും. കുട്ടികളുടെ പാട്ട് പരിപാടി അദ്ദേഹത്തിന് വലിയ ഇഷ്ട്ടമാണ്. വലിയ സന്തോഷത്തോടെയാണ് അത് കാണുന്നത്. ജനങ്ങളുമായി സമ്പർക്കമില്ലാതെ കഴിയുന്നത് കഠിനമാണെന്ന് മുമ്പ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോൾ തൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സഖാവിന് അറിയാം. അതുകൊണ്ട് പുതിയ ചിട്ടകളുമായി അദ്ദേഹം പൂർണമായും ഒത്തുപോകുന്നുണ്ട്.
അതിരാവിലെ ഉണരുന്ന ശീലമായിരുന്നു മുമ്പ്. ഇപ്പോൾ അത്ര നേരത്തെ ഉണരില്ല. ഉണർന്നുകഴിഞ്ഞ് കുളി, മേലുകഴുകൽ എന്നിവയ്ക്ക് മകൻ അരുൺകുമാർ സഹായിക്കും. പ്രാതലിന് ശേഷം വീടിൻ്റെ ഉമ്മറത്ത് കസേരയിൽ ഇരിക്കും. മുന്നിൽ മരത്തണലാണ്. ആളുകൾ റോഡിലൂടെ പോകുന്നത് കാണും. ഞങ്ങൾ ആരെങ്കിലും പത്രം വായിച്ചു കൊടുക്കും. വൈകിട്ടും ഇങ്ങനെ കുറച്ചു സമയം ഇരിക്കും. ഈ ഇരിപ്പാണ് വിഎസിന് പുറം ലോകവുമായുള്ള ബന്ധം’ എന്ന് വസുമതി കൂട്ടിച്ചേർത്തു