കൊച്ചി: ലൈംഗിക പീഡനകേസിൽ സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്റുദ്ദീൻ്റെ താണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഏപ്രിൽ 17-ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടർന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.
നേരത്തെ, കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ആണ് നീക്കിയത്.