പൂട്ടിയ ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തുറന്ന് പ്രവർത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അസംസ്കൃത വസ്തുക്കളുടെ അഭാവം കാരണം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിൻ്റെ രണ്ട് യൂണിറ്റുകൾ തുറക്കുന്നതിനായുള്ള നിർണായക ചുവട് വച്ചിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ വേളിയിലും തോന്നയ്ക്കലുമായി പ്രവര്‍ത്തിച്ചുവരുന്ന ഇംഗ്ലീഷ് ഇന്ത്യാലിമിറ്റഡിൻ്റെ രണ്ട് യൂണിറ്റുകള്‍ അസംസ്കൃത വസ്തുവിൻ്റെ അഭാവം ഉണ്ടെന്ന കാരണത്താല്‍ 2020 ആഗസ്റ്റ് മുതല്‍ അടച്ചുപൂട്ടിയിരുന്നു.
ചൈനാക്ലേ ഉല്പന്ന നിര്‍മ്മാതാക്കളായ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും പൂര്‍ണ്ണശേഷിയില്‍ ഉല്പാദനം നടത്തുന്നതിനും ആവശ്യമായ അസംസ്കൃത വസ്തു ലഭ്യത എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുന്നതിന് സർക്കാർ ശ്രമിക്കുന്നതാണ്. ഫാക്ടറികൾ തുറക്കുന്നതിനായുള്ള പ്രവർത്തനരേഖ തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻനിർത്തിക്കൊണ്ട് ലേബർ കമ്മീഷണറുമായി ചർച്ച നടത്താനും തുടക്കമെന്ന നിലയിൽ ഫാക്ടറി പരിസരം ഈ ആഴ്ച തന്നെ ശുചീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് യൂണിറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലൂടെ നൂറിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.