കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിജിപി പി പ്രകാശാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. എസ്എച്ച്ഒ സിഐ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻപിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
വിനോദ് ഒഴികെയുള്ളവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തിൻ്റെ ഭാഗമായി വിനോദിനോട് സ്റ്റേഷൻ ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി നിർദേശശിക്കുകയായിരുന്നു. പിന്നാലെയാണ് സസ്‌പെൻഷൻ.
പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ അടക്കം ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി വിഘ്നേഷിനെയും ജ്യേഷ്ഠനും സൈനികനുമായ വിഷ്‌ണുവിനെയുമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ക്രൂരമായി മർദിച്ചത്.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നിൽക്കാനെന്നു പറഞ്ഞ് വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നിൽക്കാൻ കഴിയില്ല എന്ന് അറിയിച്ച വിഘ്നേഷ് സ്റ്റേഷനിൽനിന്ന് തിരികെപ്പോകാൻ ശ്രമിച്ചതോടെയാണ് പോലീസുകാർ മർദ്ദിച്ചത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണർ സ്ഥലം മാറ്റിയിരുന്നു.