ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഞരമ്പ് രോഗിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും. എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി ഡി സതീശനും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നത്. അതിനിടെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് എൽദോസ് കുന്നപ്പിള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചരട് വലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്നും വിവരമുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് സുധാകരൻ കോൺഗ്രസ് എംഎൽഎക്ക് വേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിൻ്റെ ഭാഗമാണ്. പരാതിക്കാരിക്ക് എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ വെച്ചാണ്. ആ സമയം സൂപ്പി അൻസാറും എൽദോസ് കുന്നപ്പിള്ളിക്കൊപ്പമുണ്ടായിരുന്നു. പരാതിക്കാരിയോട് പണം സ്വീകരിച്ച് വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടത് സൂപ്പി അൻസാറാണ്. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. എംഎൽഎ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന് അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകിയിരുന്നു.
അതേസമയം എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്നു വിധി പറയും. ഒളിവിൽ കഴിയുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളിലാണ് അന്വേഷണസംഘം.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ പരാതി; തല്ക്കാലം നടപടി വേണ്ടെന്ന് യുവതി