ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കോവളത്ത് എംഎൽഎക്കൊപ്പം ഉണ്ടായിരുന്ന പരാതിക്കാരി ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ തങ്ങളെ മടക്കി അയച്ചതെന്ന് രണ്ട് പോലീസുകാർ മൊഴി നൽകി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് എംഎൽഎ മർദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ പോലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാർ സ്ഥലത്തെത്തിയിരുന്നു. ഭാര്യയാണെന്ന് കള്ളം പറഞ്ഞാണ് അന്ന് എംഎൽഎ പോലീസുകാരെ മടക്കി അയച്ചത്.
കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തൻ്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പോലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്.
കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തിരുന്നു. പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയുടെ വസ്ത്രവും മദ്യക്കുപ്പിയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. പരാതിയെ തുടർന്ന് എംഎൽഎ ഒളിവിലാണ്. ഒളിവിലിരുന്ന് സാക്ഷിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.