ബലാത്സംഗ കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളിയും വനിതാ നേതാവിൻ്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനും ഒരേ തൂവൽ പക്ഷികളാണെന്ന് വനിതാ നേതാവ്. പ്രതികളെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വാണി പ്രയാഗ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരേ തൂവൽ പക്ഷികളാണ്…… ഒരു നടപടിയും പ്രതീക്ഷിക്കണ്ട. സംരക്ഷിക്കാൻ നേതൃത്വമുണ്ട്’ എന്നാണ് വനിതാ നേതാവിൻ്റെ പരിഹാസം. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും ശോഭ സുബിൻ്റെയും ചിത്രങ്ങളും, സ്ത്രീത്വത്തെ അപമാനിച്ച കേസുകളിൽ ഇവരെ പ്രതി ചേർത്തിൻ്റെ വാർത്തകളും വനിതാ നേതാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ പരാതിയെ തുടർന്ന് ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കേസുകളും എംഎൽഎക്കെതിരെയുണ്ട്. എന്നാൽ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന്. എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി ഡി സതീശനും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നത്. അതിനിടെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് എൽദോസ് കുന്നപ്പിള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചരട് വലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്നും വിവരമുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് സുധാകരൻ കോൺഗ്രസ് എംഎൽഎക്ക് വേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിൻ്റെ ഭാഗമാണ്. പരാതിക്കാരിക്ക് എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ വെച്ചാണ്. ആ സമയം സൂപ്പി അൻസാറും എൽദോസ് കുന്നപ്പിള്ളിക്കൊപ്പമുണ്ടായിരുന്നു. പരാതിക്കാരിയോട് പണം സ്വീകരിച്ച് വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടത് സൂപ്പി അൻസാറാണ്. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. എംഎൽഎ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന് അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകിയിരുന്നു.
വനിതാ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീഡിയോ മോർഫ് ചെയ്ത അശ്ലീലമാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ ശോഭ സുബിനുൾപ്പടെ മൂന്നുപേർക്കെതിരെ കേസുണ്ട്. ശോഭ സുബിനു പുറമെ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവരും സ്ത്രീത്വത്തെ അപമാനിച്ച കേസുകളിൽ പ്രതികളാണ്. കൊടുങ്ങല്ലുർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് മതിലകം പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. വനിതാ നേതാവ് ശോഭാ സുബിനെതിരെ നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും ശോഭാ സുബിനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.
ബലാത്സംഗ കേസ്; പോലീസുകാരുടെ മൊഴിയും എൽദോസ് കുന്നപ്പിള്ളിക്ക് എതിര്